എന്‍റെ ചിന്തകള്‍ - തറവാടി

Tuesday, July 10, 2007

മാവിലേറിന്‍റേയും വള്ളിനിക്കറിന്‍റേയും പ്രസക്തി

നവീകരിക്കുന്ന തലമുറകള്‍ക്കുണ്ടായ മാനസികമായും ബുദ്ധിപരമായുമുള്ള അധിക വളര്‍ച്ചക്ക് പ്രധാനകാരണമായത് സാങ്കേതികയുടേയും കമ്മ്യൂണിക്കേഷന്‍‌റ്റേയും സഹായമാണ്.

പത്രമാധ്യമത്തെ പുതിയ തലമുറ , തൊട്ടു മുമ്പിലുള്ള തലമുറയേക്കാള്‍ തുലോം കുറവെ ആശ്രയിക്കുന്നുള്ളു എന്നാണെനിക്കു തോന്നിയിട്ടുള്ളത്‌. പത്രമാധ്യമത്തിനു പകരമായി അവര്‍ ദൃശ്യമാധ്യമത്തേയും, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മാധ്യമ ശൃംഗലകളെയുമണാശ്രയിക്കുന്നത്.

അതുകൊണ്ടുതന്നെ മുന്‍കാല ജീവിത രീതികളും, ചരിത്രങ്ങളും അറിയുന്നതിനു വേണ്ടി, പഴയതലമുറയുടെ മാര്‍ഗ്ഗങ്ങളായ, ചരിത്രപുസ്തകങ്ങള്‍ പൂര്‍ണ്ണമായി ഫലം ചെയ്യുമോ എന്ന കാര്യം സംശയമാണ്‌, ഇതിനുള്ള പ്രധാനകാരണം അവ എഴുതിയിരിക്കുന്ന രീതിതന്നെയാണ്‌.

ജീവിതരീതികളെക്കാള്‍, സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനാരീതികളാണ്‌ കൂടുതലും ചരിത്രപുസ്തകങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് ഉദാഹരണം: യുദ്ധം, വിദേശിയരുടെ കടന്നുകയറ്റം തുടങ്ങിയവ.
 
മുമ്പുള്ള തലമുറകളില്‍ അവരുടെ പിന്‍ഗാമികളുടെ ജീവിതരീതികളുടെ അംശം കൂടുതലായിരുന്നതിനാല്‍,

ഇത്തരം ചരിത്രപുസ്തകങ്ങള്‍ പഴയതലമുറകളില്‍ ഫലം ചെയ്തിരുന്നു. എന്നാല്‍, പുതിയ തലമുറകളിലാകട്ടെ, മുന്‍കാല തലമുറകളെ അപേക്ഷിച്ച്‌, ആശയപരമായും ഘടനാപരമായും ഉള്ള വലിയ അന്തരം പഴയകാലസംഭങ്ങള്‍ പോലെ തന്നെ പഴയകാല ജീവിതരീതികളും ഒരുപോലെ പ്രാധാന്യമുള്ളതാക്കി, അല്ലെങ്കില്‍ ആക്കിയേക്കും, ഇവിടെയാണ്‌ ഓര്‍മ്മക്കുറിപ്പുകളുടെ പ്രസക്തി.

ഓര്‍മ്മക്കുറിപ്പുകള്‍, വള്ളി ട്രൌസറിട്ടു മാങ്ങക്കു കല്ലെറിയുന്ന കുറെ വിവരണങ്ങളാണെങ്കിലും, നല്ല കുറിപ്പുകളില്‍ പഴയകാല ജീവിതരീതികളും, ചുറ്റുപാടുകളും ഉള്‍പ്പടെ ചരിത്രപുസ്തകങ്ങളില്‍ കാണാത്ത പലതും അടങ്ങിയിരിക്കുന്നെന്നു മറക്കാതിരിക്കുക. ചരിത്ര പുസ്തകങ്ങളായി എടുക്കേണ്ടതില്ലെങ്കിലും പഴയകാല ജീവിതരീതികള്‍ ഉള്‍ക്കൊള്ളുന്നവയാണെന്നതെങ്കിലും മനസ്സിലാക്കാതെ,

മാങ്ങയ്ക്ക് കല്ലെറിയലും, വള്ളിട്രൌസറിട്ടതുമെന്നൊക്കെ പറഞ്ഞു പുച്ഛിക്കുമ്പോള്‍ ഒന്നോര്‍ക്കുക ,ഇന്നത്തേ സാങ്കേതികം (അടിസ്ഥാന സാങ്കേതികമല്ല വിവക്ഷിക്കുന്നത്‌, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടവ) നാളത്തെ ചരിത്രമാണ്‌ പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ ആവശ്യമുള്ളവര്‍ നാളെ വരും ഇന്ന് വലിയ വായില്‍ പറഞ്ഞ പല ' സാങ്കേതിക 'ങ്ങളും അന്ന് ചരിത്രങ്ങളായിരിക്കും - ആര്‍ക്കും വേണ്ടാത്ത ചരിത്രം!