എന്‍റെ ചിന്തകള്‍ - തറവാടി

Tuesday, February 09, 2010

വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!

ദിവസവും ജബല്‍ അലിയിലെ താമസസ്ഥലത്തുനിന്നും അബുദാബിയിലുള്ള ഓഫീസിലേക്ക് നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രധാനമായും പാട്ട് കേള്‍ക്കലും മലയാളം റേഡിയോ ശ്രവിക്കലുമൊക്കെയാണ് ചെയ്യുക. ഈയിടെ മലയാളം റേഡിയോ ചാനലുകള്‍ കൂടിയിട്ടുണ്ട്. വല്ലപ്പോഴും ദുബായിലെ എഫ് എം കേള്‍ക്കുന്ന പരിപാടിയുണ്ട്.

എല്ലാ വര്‍ഷവും റേഡിയോയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിമാനയാത്ര സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ നാട്ടിലേക്കായിരുന്നു പോയതെന്നാണോര്‍മ്മ. ഇത്തവണ മലേഷ്യയിലേക്കോ മറ്റോ ആണെന്ന് തോന്നുന്നു നല്ല കാര്യം. ആഘോഷങ്ങള്‍ എപ്പോഴും നല്ലതുതന്നെ, അതില്‍ ശ്രോതാക്കളെ പങ്കെടുപ്പിക്കുന്നതും നല്ലത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന ചിലത് കാണുമ്പോള്‍ വിമര്‍ശിക്കേണ്ടത് റേഡിയോയെയാണോ അതോ മത്സരാര്‍ത്ഥികളെയാണോ എന്ന് എന്നെപ്പോലുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍!

ഇതുപോലുള്ള ഒരു യാത്ര തരപ്പെടുത്തുമ്പോള്‍ ഫില്‍ട്ടെറിങ്ങ് തീര്‍ച്ചയായും വേണ്ടിവരും, അതിന് മാനദണ്ടം നിശ്ചയിക്കേണ്ടത് റേഡിയോയാണ്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ അത് സ്വരൂപിക്കാന്‍ എസ്.എം.എസ് പോലുള്ള അംഗീകൃതമാര്‍ഗ്ഗങ്ങളിലും വിയോജിപ്പില്ല. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ്, റേഡിയോയില്‍ നിന്നും വരുന്ന ഫോണ്‍ കാള്‍ സംബോധന ചെയ്യെണ്ടത് റേഡിയോയുടെ പേരിനൊപ്പം യാത്ര സ്ഥലവും!

അതിലെന്താണിത്രക്ക് ചൊടിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ക്ക് പങ്കെടുക്കാം പങ്കെടുപ്പിക്കുന്ന റേഡിയോയുടെ പേരും വിളിച്ച് ഫോണ്‍ അറ്റെന്‍ഡ് ചെയ്യാം വേണമെങ്കില്‍ എല്ലയിപ്പോഴും ഏത് ഫോണ്‍ കാളിനും ഇതുപോലെ ചെയ്യാം! വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കാന്‍ തയ്യാറാള്ള ആളുകള്‍ ഉണ്ടെന്ന തിരിച്ചറിവാണല്ലോ ഇതുപോലുള്ളവക്കുള്ള പ്രചോദനം.

ചില ന്യൂസ് വായനക്കാര്‍!

ഇന്ന രാവിലെയുള്ള ന്യൂസ് വായന/ ഡിസ്കഷനില്‍ ആസ്ട്രേലിയയില്‍ പോകുന്ന ഡ്രെസ്സ് ഡിസൈന്‍, കുക്കിങ്ങ് പഠന വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമയി ബന്ധപ്പെട്ട് റേഡിയോ ജോക്കി ഷാബു പറഞ്ഞത് ഇന്‍ഡ്യക്ക് തിരിച്ചടിയായെന്നാണ്!

പഠനം എന്ന പേരും പറഞ്ഞ് അന്യദേശത്ത് പാര്‍ട്ട് ടൈം ജോലിചെയ്യാനും സ്ഥിരതാമസമാക്കാനും ഉന്നം വെച്ച് പോകുന്ന കുറച്ച് ബാര്‍ബര്‍ പഠന വിദ്യാര്‍ത്ഥികള്‍ക്കും കുക്കിങ്ങ് പഠനവിദ്യാര്‍ത്തികള്‍ക്കും ആസ്ട്രേലിയ നിയന്ത്രണം വെച്ചതുകൊണ്ട് ഇന്‍ഡ്യക്ക് 'തിരിച്ചടി' എന്നൊക്കെ പറയുന്നത് തിരിച്ചടി എന്ന വാക്കിന്റെ അര്‍ത്ഥമറിയാഞ്ഞിട്ടോ അതോ ഇന്‍ഡ്യയെന്ന മഹാരാജ്യത്തെ മനസ്സിലാക്കാഞ്ഞിട്ടോ?

Labels:

Sunday, February 07, 2010

ഗൂഗിളിനൊരു തുറന്ന കത്ത് ബ്ലോഗറിനും.

എന്റെ പൊന്നാര ചങ്ങായീ ഗൂഗിളേ, ഏത് കോത്തായത്തുകാരനും എത്ര മെയില്‍ ഐഡിയും തുടങ്ങാമെന്നുള്ള പരിപാടിയൊന്ന് നിര്‍ത്തൂ പ്ലീസ്!

കയ്യില്‍ പഞ്ഞികിട്ടിയാല്‍ കൂട്ടിക്കെട്ടി തലയിണവെക്കാനോ , കിടക്കയാക്കാനോ, പനിവന്നാല്‍ നെറ്റിയില്‍ വെള്ളം ഒഴിച്ച് വെക്കാനോ , ഊതിപറപ്പിച്ച് കളിക്കാനോ , വെള്ളം ഇറ്റിറ്റായി വായില്‍ ഒഴിക്കാനുമൊക്കെ ഉപയോഗിക്കുന്നവരാണെന്ന് തോന്നിയിട്ടാവും നിങ്ങള്‍ ഇതുപോലുള്ള സൗകര്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കുന്നു എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി,

വലത്തെ അയല്‍‌പക്കത്തുള്ളവന്റെ കക്കൂസില്‍ മുക്കി ഇടത്തെ അയല്‍‌പക്കത്തുള്ളവന്റെ മൂക്കില്‍ വെക്കാന്‍ മുമ്പിലുള്ള അയല്‍‌ക്കാരനോട് പിന്നിലെ അയല്‍‌ക്കാരന്റെ പഞ്ഞി മോഷ്ടിക്കുവാന്‍ പഞ്ഞികൊടുക്കുന്നവരാണ് ഇന്നുള്ളവര്‍ എന്ന് തിരിച്ചറിയുക!

അതുകൊണ്ട് ദയവായി ഒരാള്‍ക്ക് എത്ര ഗൂഗിള്‍ അക്കൗണ്ട് വേണമെങ്കിലും തുടങ്ങാമെന്ന സൗകര്യം ദയവായി പിന്‍‌വലിച്ചാലും. ഒരാള്‍ക്ക് ഒരു ഐഡി, കൂടിയാല്‍ രണ്ട്. ഒരു ഐഡി തുടങ്ങാന്‍ ഇന്‍‌വിറ്റേഷന്‍ വേണമെന്ന് നിര്‍ബന്ധമാക്കിയാലും.ദിവസവും നൂറ് കണക്കിന് മലയാളം ബ്ലോഗ് ഐഡികള്‍ തുടങ്ങുന്നത് നിര്‍ത്തലാക്കാന്‍ അതേ ഒരു മാര്‍ഗ്ഗമായി ഞാന്‍ കാണുന്നുള്ളൂ.

സുന്ദര സ്വപ്നം!

ഒരു വ്യക്തിക്ക് ഒരു ജി.മെയില്‍ അക്കൗണ്ട് = ഒരു ബ്ലോഗര്‍ ഐഡി
ജി മെയില്‍ അക്കൗണ്ട് ഇന്‍‌വിറ്റേഷന്‍ കണ്ട്രോള്‍ഡ് റെജിസ്റ്റ്രേഷന്‍

ഹോ! ആലോചിക്കുമ്പോളേ കുളിര് കോരുന്നു! പക്ഷേങ്കില് ഇതൊക്കെ നടക്കുമോ?
നടപ്പിലാക്കിയാല്‍ ഗൂഗിളേ സത്യായിട്ടും അനക്ക് പുണ്യം കിട്ടും! ഞമ്മക്ക് ത്തിരി സമാധാനവും ;)

Labels:

Thursday, January 28, 2010

ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!

യോഗ്യതകള്‍:

1.അറബി ഭാഷയില്‍ നിന്നുള്ള പേരായിരിക്കണം.
2.ചെറുതോ വലുതോ ആയ ഒരു കുറ്റവും ഇന്നേവരെ ചെയ്തവനാകരുത്
3.ഒരിക്കല്‍ പോലും പോലീസ് സ്റ്റേഷനില്‍ ഇന്നേവരെ പോയവനായിരിക്കരുത്.
4.ജോലി ചെയ്ത/ കച്ചവടം ചെയ്ത വരുമാനത്തില്‍ ജീവിച്ചവനായിരിക്കണം.
5.ബാങ്ക് ലോണ്‍ ഉള്ളത് കുഴപ്പമില്ലെങ്കിലും ഒരിക്കല്‍ പോലും മാസഘടു തെറ്റിച്ചവനായിരിക്കരുത്.
6.തനിക്ക് കൂടുതല്‍ വയസ്സുള്ളവരെ ബഹുമാനിക്കുന്നവനായിരിക്കണം
7.ബാപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും സ്നേഹിക്കുന്നവനും നോക്കുന്നവനും ആകണം
8.മറ്റുസമുദായക്കാരോട് വളരെ സ്നേഹത്തില്‍ ജീവിക്കുന്നവായിരിക്കണം.
9.ഇന്‍ഡ്യന്‍ ഭരണ ഘടന അക്ഷരം പ്രതി അനുസരിക്കുന്നവനായിരിക്കണം.
10.കള്ള് കുടിക്കുന്നവനും വ്യഭിചരിക്കുന്നവനും ആയിരിക്കരുത്.
11.ദൈവ/മത വിശ്വാസിയായിരിക്കണം എന്നാല്‍ അന്ധവിശ്വാസിയാവരുത്.
12.മതത്തിലെ അനാചരങ്ങളെ ഉള്‍ക്കൊള്ളാത്തവനായിരിക്കണം.
13.പൗരോഹത്യത്തെ അംഗീകരിക്കുന്നവനാവരുത്.
14.സൗദി തുടങ്ങിയ രാജ്യങ്ങളോട് മറ്റൊരു രാജ്യമെന്നതില്‍ കൂടുതല്‍ യാതൊരു പ്രത്യേകതയും ഉള്ളവനായിരിക്കരുത്.

ഇത്രയും ഉണ്ടെങ്കില്‍ ഭീകരവാദിയാവാന്‍ നിങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു: ഇനി വേണ്ടത് ഒരു കാരണമാണ്
കാരണം പലപ്പോഴും ഉണ്ടാകും ഈയിടെ ഒരു കാരണമുണ്ടായിട്ടുണ്ട്, ഉപയോഗപ്പെടുത്തുക!

മുഖം മൂടി പര്‍ദ്ദയിട്ടാല്‍ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കാനാവില്ലെന്നും അതിനാല്‍ മുഖം മൂടി പര്‍ദ്ദയിടുന്നവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ മുഖം മൂടി മാറ്റണം അല്ലാത്തപക്ഷം വോട്ട് ചെയ്യെണ്ട എന്ന തരത്തിലുള്ള ഒരു നിയമം വന്നിട്ടുണ്ട്. എന്നാല്‍ ഇത് മുസ്ലീമിനെതിരെയാണെന്ന് പറഞ്ഞ് അപ്പീലിന് ഒരു ചെറിയ കൂട്ടം മുസ്ലീം പേരുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

അതിന് കോടതി തീര്‍പ്പാക്കുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ, അതൊക്കെ കോടതി ചെയ്യും. നിങ്ങള്‍ അതു നോക്കണ്ട. സാമാന്യ ബോധമുള്ള ആര്‍ക്കും യോജിക്കാവുന്ന, യാതൊരുതരത്തിലും ഇസ്ലാം മതത്തോട് അനീതി പുലര്‍ത്താത്ത, ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും സ്വാഗതം ചെയ്ത ഈ നിയമത്തെ നിങ്ങള്‍ മൂകമായി സ്വാഗതം ചെയ്താല്‍ പോര, എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നു എന്ന് സത്യസന്ഥമായി പ്രകടിപ്പിക്കുക! പോസ്റ്റിടാം അല്ലെങ്കില്‍ പോസ്റ്റിന് കമന്റിടാം.

ചെയ്യുന്നത് വങ്കത്തരമാണെന്ന് അറിയാവുന്ന അപ്പീലിന് പോയവര്‍ പോലും താങ്കളുടെ അഭിപ്രായത്തെ കണ്ടില്ലെന്ന് വെച്ചേക്കാം എന്നാല്‍ മറ്റുചിലര്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. അവര്‍ നിങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യും!

ഒരു ശതമാനം മാത്രമാണ് അപ്പീലിനുപോയവരെങ്കില്‍ പോലും യഥാര്‍ത്ഥ മുസ്ലീം നിയമം പാലിക്കുന്നവര്‍ ആ ഒരു ശതമാന മാണെന്നൊക്കെ പറഞ്ഞേക്കാം. നിങ്ങള്‍ അപ്പോഴും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടിരിക്കും. പക്ഷെ കേള്‍ക്കുന്നവന്‍ സമ്മതിക്കില്ല; നിങ്ങളല്ല മറിച്ച് അപ്പീലിന് പോയവരാണ് ശെരി എന്ന തരത്തില്‍ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കും, നിങ്ങള്‍ സൗദിയിലോ പാക്കിസ്ഥാനിലോ പോകണം എന്ന് പറയും!

അപ്പോള്‍ നിങ്ങള്‍ പറഞ്ഞിരിക്കണം: ' സുഹൃത്തേ ഞങ്ങള്‍ ആ ചെറുഗ്രൂപ്പ് പറഞ്ഞതിനെ എതിര്‍ക്കുന്നവരാണ്, അവര്‍ സത്യമല്ല പറയുന്നത്, ഇസ്ലാം മതത്തില്‍ ഇല്ലാത്ത അല്ലെങ്കില്‍ അപ്രധാനമായ ഒരു കാര്യത്തെ മുന്‍ നിര്‍ത്തിയാണ് അപ്പീലിന് പോയത് ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല' പല കാര്യങ്ങള്‍ പറഞ്ഞ് അവസാനം നിങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ പൂര്‍ണ്ണമായും യോഗ്യത നേടിക്കഴിഞ്ഞു:

മറന്നു, നിങ്ങള്‍ എന്തിനാണ് ഭീകരവാദി ആവുന്നത് പറഞ്ഞില്ലല്ലോ പറയാം: ഭീകരവാദത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഭീകരവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍!

Labels: